പാല്‍, പലചരക്ക് , പാചക വാതകം..., എല്ലാമെത്തും റേഷന്‍ കടയില്‍
കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാന്‍ വിഷന്‍ 2031 പദ്ധതിയുമായി സര്‍ക്കാര്‍. റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പാല്‍, പലചരക്ക് സാധനങ്ങള്‍, പാചക വാതകം, സ്റ്റേഷനറി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കട വഴി വിതരണം ചെയ്യുന്ന വിധത്തില്‍ റീട്ടൈല്‍ ഔട്ട്‌ലറ്റുകളാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. നിലവില്‍ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളിലൂടെ മില്‍മ, സപ്ലൈകോ, കേരഫെഡ്, ഇന്ത്യന്‍ ഓയില്‍ എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും വീട്ടുപകണങ്ങള്‍, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും. ആധുനിക ബില്ലിംഗ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ ഇന്‍വെന്ററി മാനേജ്‌മെന്റിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും വിഷന്‍ 2031 പദ്ധതിയിടുന്നു. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത, അടുത്തിടെ നടന്ന വിഷന്‍ 2031 സെമിനാറില്‍ റേഷന്‍ കടകളെയും മാവേലി സ്റ്റോറുകളാക്കി മാറ്റുന്നതിനുള്ള നിര്‍ദേശം ഉരുത്തിരിഞ്ഞതായി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി വിഷന്‍ 2031 നടപ്പാക്കാനാണ് പദ്ധതി. നടപ്പ് സാമ്പത്തിക വര്‍ഷം ഉള്‍പ്പെടുന്ന (2025-26) ആദ്യ ഘട്ടത്തില്‍ അഞ്ച് 5 ജില്ലകളില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും. രണ്ടാം ഘട്ടമായി (2026-28) പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ (2028-30 ) പദ്ധതിയെ ഏകജാലക സംവിധാനത്തിലേക്ക് കൊണ്ടുവരികയും കേന്ദ്രീകൃത നിരീക്ഷണം നടപ്പിലാക്കാനുമാണ് പദ്ധതിയിടുന്നത്. നവീകരിച്ച ഔട്ട്‌ലെറ്റുകള്‍ വണ്‍-സ്റ്റോപ്പ് സൗകര്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടുന്നു. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 94,31,027 സാധുവായ റേഷന്‍ കാര്‍ഡുകളും 13,872 റേഷന്‍ കടകളുമാണുള്ളത്. ഇവയെ സപ്ലൈക്കോയുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് പദ്ധതിയിടുത്. ഇത് പ്രകാരം സപ്ലൈകോയുടെ 17 സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകളിലേക്കും എത്തിക്കും. ക്രെഡിറ്റ് വ്യവസ്ഥയില്‍ ആയിരിക്കും സഹകരണം. ഇതിന് പുറമെ മില്‍മയുമായി സഹകരിച്ച് പാലും മറ്റ് മൂല്യവര്‍ധിത ഉല്‍പനങ്ങളും റേഷന്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കും. ചെറുകിട ബാങ്കിങ് സേവനം, പാചക വാതക വിതരണം തുടങ്ങിയ സംവിധാനങ്ങളും റേഷന്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കാനാണ് നീക്കമെന്നും മന്ത്രി പറയുന്നു. നിലവിലുള്ള ഔട്ട്ലെറ്റുകളെ ആധുനികവല്‍ക്കരിക്കുകയും കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന കണ്‍വീനിയന്‍സ് സ്റ്റോറുകളാക്കി മാറ്റുകയുമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ പരിമിതമായ ഉല്‍പ്പന്നങ്ങള്‍ക്ക് അപ്പുറത്ത് എല്ലാതരം ഉല്‍പന്നങ്ങളും വില്‍ക്കാന്‍ കഴിയുന്ന റീട്ടൈല്‍ കേന്ദ്രങ്ങളാക്കി റേഷന്‍ കടകളെ മാറ്റുക എന്നതാണ് പദ്ധതിയുടെ ദീര്‍ഘകാല ലക്ഷ്യമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ജി രാജമാണിക്യം പറഞ്ഞു. റേഷന്‍ കടകളെ സാമ്പത്തികമായി ലാഭകരമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. കെ-സ്റ്റോറുകളാക്കി മാറ്റുകയും ലാഭകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ തന്നെ പൊതുവിതരണ കേന്ദ്രങ്ങളായുള്ള അവയുടെ പ്രവര്‍ത്തനവും തുടരും. സപ്ലൈകോയ്ക്ക് കട ഉടമകളുമായി കരാറുകളില്‍ ഏര്‍പ്പെടാനും അവര്‍ക്ക് ക്രെഡിറ്റ് സൗകര്യം നല്‍കാനും കഴിയുമെന്നും എം ജി രാജമാണിക്യം വ്യക്തമാക്കുന്നു. സ്ഥലസൗകര്യങ്ങളുള്ള മാവേലി സ്റ്റോറുകളെ പഞ്ചായത്ത് തലത്തിലുള്ള വിതരണ ഗോഡൗണുകളാക്കി ഉപയോഗിക്കാനും വിതരണ ശൃംഖല കാര്യക്ഷമമാക്കാനുമാണ് പദ്ധതിയിടുന്നത്. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമായി ഏകോപിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് സപ്ലൈകോ നേതൃത്വം നല്‍കും. സംവിധാനങ്ങളിലെ മാറ്റം സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ കാര്യക്ഷമവും ജനസൗഹൃദവുമാക്കുമെന്നാണ് വിലയിരുത്തല്‍. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ എന്നിവയെ സംയോജിപ്പിച്ച് റീട്ടൈല്‍ റീട്ടെയില്‍ ശൃംഖലയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. 470 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് ആവശ്യമായി വരികയെന്നാണ് വിലയിരുത്തല്‍. പൊതുവിതരണ കേന്ദ്രങ്ങള്‍ മാവേലി സ്റ്റോറുകളാക്കി മാറ്റുന്നത് റീട്ടൈല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ ഷിജീര്‍ പറഞ്ഞു. എണ്ണ, പയര്‍വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സബ്സിഡി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകളിലെത്തുന്നത് ജനങ്ങളെ ആകര്‍ഷിക്കും. ഇത് കടകളുടെ ലാഭത്തില്‍ പ്രതിഫലിക്കുമെന്നും ഷിജീര്‍ ചൂണ്ടിക്കാട്ടുന്നു.